ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തെ തുടർന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ജന്തർ മന്തറിൽ പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിക്കുകയും ന്യൂഡൽഹി ജില്ലയിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷൻ 163 പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. AISA, SFI, DYFI ഉൾപ്പെടെയുള്ള വിദ്യാർഥി-യുവജന സംഘടനകൾ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (SIR) ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെ ചോദ്യം ചെയ്താണ് പ്രതിഷേധം. ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. AISA ദേശീയ പ്രസിഡന്റ് നേഹ ബോറ, രാജ്യസഭാംഗം മനോജ് ഝാ, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ തുടങ്ങിയവർ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.
ജന്തർ മന്തറിലേക്കുള്ള പ്രതിഷേധം തടയാൻ പൊലീസ് ബാരിക്കേഡുകളും അധിക സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രതിഷേധത്തിന് അനുമതിയില്ലെന്നും അനധികൃതമായ പ്രകടനം, ധർണ, മുദ്രാവാക്യം വിളിക്കൽ തുടങ്ങിയവ നിയന്ത്രണങ്ങളുടെ പരിധിയിൽ വരുമെന്നും പൊലീസ് അറിയിച്ചു. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജൻപഥ്, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, രാജീവ് ചൗക്ക്, മണ്ടി ഹൗസ്, ന്യൂഡൽഹി എന്നിവ ഉൾപ്പെടെ 11 മെട്രോ സ്റ്റേഷനുകളിൽ പ്രവേശനവും പുറത്തേക്കുള്ള യാത്രയും താൽക്കാലികമായി അടച്ചു. ചില പ്രധാന സ്റ്റേഷനുകളിൽ ഇന്റർചേഞ്ച് സൗകര്യം തുടരുന്നുണ്ട്. ജന്തർ മന്തർ, പാർലമെന്റ് സ്ട്രീറ്റ്, അശോക റോഡ് എന്നിവിടങ്ങളിലുൾപ്പെടെ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി.
ജന്തർ മന്തർ മേഖലയ്ക്ക് സമീപം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായും റിപ്പോർട്ടുണ്ട്. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ മേഖലയിൽ പൊലീസ് സാന്നിധ്യവും നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ്.

